രണ്ടു ദിവസം വീട്ടിൽ ആളുണ്ടായിരുന്നില്ല, വീട്ടമ്മ തിരികെയെത്തിയപ്പോൾ കണ്ടത്..

അടച്ചിട്ടിരിക്കുകയായിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വടകര ചെക്കോട്ടി ബസാറിലാണ് മോഷണം നടന്നത്. മന്നയിൽ മന്നമ്പത്ത് സുബൈറിന്റെ വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലാവുന്നത്. ഇരുനില വീടിന്റെ താഴെ നിലയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.
വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയും തുറന്നിട്ട നിലയിലും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകര ഡിവൈ. എസ്.പി സനൽ കുമാർ, സി.ഐ കെ. മുരളീധരൻ, എസ്.ഐ രഞ്ജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി.



