മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് തന്നെ; മറ്റു നേതാക്കള്‍ ബഹുദൂരം പിന്നില്‍

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസിലെ മറ്റു നേതാക്കളേക്കാള്‍ വളരെ മുന്നില്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവരേക്കാള്‍ സതീശന് മുന്നിലാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വിഡി സതീശന് മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ താല്‍പ്പര്യമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്, ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള 12 ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള സര്‍ക്കാരിന്റെ പോരായ്മകള്‍, മുഖ്യമന്ത്രിയെ സംബന്ധിച്ച അഭിപ്രായം തുടങ്ങിയവയും ആരാഞ്ഞിരുന്നു.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ, പാര്‍ട്ടി മുഖ്യമന്ത്രിയെ എങ്ങനെ തെരഞ്ഞെടുക്കണം എന്നിവയെക്കുറിച്ചും സര്‍വേയില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമോ എന്നതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ എതിര് പാര്‍ട്ടികളിലെ നേതാക്കള്‍ സംബന്ധിച്ചും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു.



