യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണം’

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരിഹാസം.
എൽഡിഎഫിന്റെ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് ജില്ലയിലെ അദ്യ സ്വീകരണം ഏറ്റുവാങ്ങി വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ ജാഥ കുറ്റ്യാടിയിൽ എത്തിയപ്പോൾ തന്നെ ആദ്യം സംസാരിക്കാൻ വിളിക്കാത്തതിനെ തുടർന്ന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രതിഷേധം പരാമർശിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പരിഹാസം.
യുഡിഎഫിന്റെ യാത്രയിൽ അവർക്ക് ഒന്നും പറയാനില്ല. ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും മിണ്ടുന്നില്ല. എൽഡിഎഫിന് മൂന്നാം ഊഴവും ഉണ്ടാകും. അതിന്റെ പ്രതിഫലനം വികസന മുന്നേറ്റ യാത്രയിലൂടനീളം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം നേതാക്കളുടെ തിക്കും തിരക്കും അല്ല പുതുയുഗ യാത്രയിൽ ഉള്ളതെന്നും, ജനങ്ങളുടെ തിക്കും തിരക്കും ആണെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. യാത്ര മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് ഐക്യദാർഢ്യപ്പെട്ടാണ് ജനങ്ങൾ എത്തുന്നത്. തിക്കിനെയും തള്ളിനെയും സംബന്ധിച്ച് നിങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍ കണ്ടു. നേതാക്കളുടെ തിരക്ക് മാത്രമല്ല ജനങ്ങളുടെ തിക്കും തിരക്കും കൂടി വാർത്തയാക്കണമെന്നും ഷാഫി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.



