ആരുടേത് എന്നറിയില്ല, എവിടെ നിന്ന് എന്നറിയില്ല! നാട്ടുകാർക്കിടയിൽ ആശങ്ക പടർത്തി അജ്ഞാത വിമാനം

ആരുടേത് എന്നറിയില്ല, എവിടെ നിന്ന് എന്നറിയില്ല, ചിക്കമംഗളൂരുവിൽ നാട്ടുകാർക്കിടയിൽ ആശങ്ക വിതച്ച് താഴ്ന്ന് പറന്ന വിമാനം. കർണാടകയിലെ ചിക്കമംഗളൂരുവിലെ മലനാടൻ മലനിരകൾക്കിടയിൽ ചൊവ്വാഴ്ചയാണ് അജ്ഞാത ചെറുവിമാനം എത്തിയത്. എൻ ആർ പുര താലൂക്കിനും, ചിക്കമംഗളൂരു ജില്ലയ്ക്കും ഇടയിലായി ഭദ്ര നദിക്കരയിലൂടെ കളസ മുതൽ ബോളെഹൊന്നൂർ വരെയാണ് ഈ വിമാനം താഴ്ന്നു പറന്നത്. ചെറുവിമാനം ഒന്നിലേറെ തവണ ഒരേയിടത്തായി അസാധാരണ നിലയിൽവളരെ താഴ്ന്നു പറന്നതോടെ മേഖലയിലെ നാട്ടുകാരും ഭീതിയിലായി.
ചിക്കമഗളൂരു ജില്ലയിലെ കളസ, എൻ.ആർ. പുര താലൂക്കുകളിലെ ഭദ്ര നദിയോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ ചെറുവിമാനം രണ്ടു തവണ താഴ്ന്നു പറന്നത്. സാധാരണയായി വിമാനങ്ങൾ ഉയരത്തിൽ പറക്കുമ്പോൾ ഈ കുഞ്ഞൻ വിമാനം ഭൂമി തൊടുമെന്ന മട്ടിൽ താഴ്ന്നു പറന്നതാണ് ആളുകളെ പേടിപ്പിച്ചത്. ഈ ദുരൂഹ വിമാനം എവിടെനിന്ന് വന്നു? അതിനുള്ളിൽ ആരായിരുന്നു? എന്തായിരുന്നു അതിന്റെ ലക്ഷ്യം? എന്നതൊക്കെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരമൊരു വിമാനം പറക്കുന്നതിനേക്കുറിച്ച് പോലീസിനോ, വനംവകുപ്പിനോ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല എന്നത് കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. ഒരു വിവരവും നൽകാതെ നടത്തിയ ഈ പറക്കൽ പല സംശയങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബോളെഹൊന്നൂരിൽ വെച്ച് വിമാനം വളരെ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. മലനാടൻ മേഖലയിൽ രണ്ട് റൗണ്ട് കറങ്ങിയ ശേഷം വിമാനം ശിവമോഗ ഭാഗത്തേക്ക് പോയതായാണ് വിവരം.
മേഖലയിലെ ആളുകളുടെ രസത്തിനുള്ള പറക്കലാണോ, അതോ ഏതെങ്കിലും സർക്കാർ വകുപ്പിന്റെ രഹസ്യ സർവേയുടെ ഭാഗമാണോ എന്നൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. ദുരൂഹമായ ഈ പറക്കലിന് പിന്നാലെ ചിക്കമംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിക്കഴിഞ്ഞു. വിമാനത്താവള അതോറിറ്റിയുമായി ബന്ധപ്പെട്ട് ഈ പറക്കലിന് അനുമതിയുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.



