നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിൾ ഷോപ്പിന് സമീപമാണ് അപകടം നടന്നത്. കൊല്ലം മാറനാട് പടിഞ്ഞാറ് ഇടവട്ടം ചാമത്തുണ്ടിൽ വീട്ടിൽ ജി. ഗോപിക(31)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ കൂർക്കഞ്ചേരി വടൂക്കർ അനന്തക്കാട് വീട്ടിൽ മുഹ്സിന (24) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  പരേതനായ മനു മോഹനായിരുന്നു ഗോപികയുടെ ഭർത്താവ്. ദമ്പതികൾക്ക് ശബരിനാഥ്, ആര്യനാഥ് എന്നീ രണ്ട് മക്കളുമുണ്ടായിരുന്നു. പിതാവിൻ്റെ മരണശേഷം രണ്ട് മക്കളുടെ ആശ്രയമായിരുന്നു അമ്മ ഗോപിക. ബി.ജെ.പി പവിത്രേശ്വരം ഏരിയ പ്രസിഡന്റ് ജെ. ജയചന്ദ്രബാബുവിന്റെയും ബി. അംബികയുടെയും മകളാണ് ഗോപിക.

വൈറ്റില പാരഡൈസ് റോഡിലെ ലേഡീസ് ഹോസ്റ്റലിലാണ് ഗോപികയും അപകടത്തിൽ പരിക്കേറ്റ മുഹ്സിനയും താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പുലർച്ചെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തിച്ച് ബസിൽ കയറ്റിവിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ടാക്‌സി കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപികയുടെ ജീവൻ രക്ഷിക്കാനായില്ല. മുഹ്സിനയുടെ നില ഗുരുതരമല്ല. ടാക്സി ഓടിച്ചിരുന്ന അരൂർ കെൽട്രോൺ റോഡിൽ കണ്ടെത്തിത്തറ വീട്ടിൽ വിവേക് സജീവ്(30)നെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തതായാണ് വിവരം.

Related Articles

Back to top button