സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ കൂട്ട രാജി; ജില്ലാ നേതൃത്വത്തിലെ അഴിച്ചുപണിയെ തുടർന്ന് ബിജെപിയിൽ വിഭാഗീയത രൂക്ഷം

നേതൃത്വത്തിൽ അഴിച്ചുപണി നടത്തിയതോടെ ഇടുക്കി ജില്ലാ ബിജെപിയിൽ വിഭാഗീയത രൂക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചു പണി നടത്തിയത്. ഇതാണ് നേതാക്കളെ രണ്ടുതട്ടിലാക്കിയത്. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ ജില്ലയിൽ കൂട്ട രാജിയ്ക്ക് ഒരുങ്ങുകയാണ് ഒരു പക്ഷം പ്രവർത്തകർ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബിജെപിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പിന് മുൻപ് ലഭിച്ച കണക്കും തിരഞ്ഞെടുപ്പ് ഫലം തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലയിലെ സംഘടന തലപ്പത്ത് അഴിച്ചുപണി നടന്നത്. നോർത്ത് ജില്ലാ പ്രസിഡൻറ് പി.പി സാനുവിനെ മാറ്റി ശ്രീവിദ്യാ രാജേഷിനെ ചുമതല നൽകി. പിന്നാലെ വിമതനീക്കം ശക്തമായി.
പഴയ പ്രസിഡന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് തന്നെ ചുമതല യിൽ നിന്ന് മാറ്റിയത് ജനാധിപത്യ മര്യാദകൾ പാലിക്കാതെ ആണെന്നാണ് പി പി സാനുവിന്റെ അഭിപ്രായം. എന്നാൽ തിരഞ്ഞെടുപ്പ് തിരിച്ചടിയാണ് കാരണമെന്ന് മറുവിഭാഗം പറയുന്നു. വരുന്ന ദിവസം സംസ്ഥാന പ്രസിഡന്റ് ജില്ലാ സന്ദർശിക്കാൻ ഇരിക്കെയാണ് സംഘടനാ പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. വിമതപക്ഷത്തെ അനുനയിപ്പിക്കാൻ നേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇടുക്കി ബിജെപിയിൽ കൂട്ടരാജി ഉണ്ടായേക്കും.



