റെസ്പോൺസ് ഇല്ലാതെ സിറ്റിസൺ റെസ്പോൺസ്; കുടുംബശ്രീ പ്രവർത്തകരെയും വിദ്യാർത്ഥികളേയും രംഗത്തിറക്കാൻ തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കോടികൾ ചിലവഴിച്ച് തുടക്കം കുറിച്ച ഭവന സന്ദർശന പരിപാടിയായ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം പരാജയപ്പെട്ടതോടെ മുഖം രക്ഷിക്കാനായി കുടുംബശ്രീ പ്രവർത്തകരെയും കോളജ് വിദ്യാർത്ഥികളേയും രംഗത്തിറക്കാൻ തീരുമാനം.
എല്ലാ തദ്ദേശഭരണ വാർഡുകളിലും ഭവന സന്ദർശനം നടത്തി മുഖ്യമന്ത്രിയുടെ കത്തും മറ്റു പ്രചാരണ സാമഗ്രികളും വിതരണം ചെയ്യാൻ രണ്ട് പ്രവർത്തകരെ വിട്ടുനൽകണമെന്നാണ് ബുധനാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജില്ലാ മിഷൻ കോഡിനേറ്റർമാർക്ക് നൽകിയ നിർദ്ദേശം.
കുടുംബശ്രീയെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാഷ്ട്രീയ പ്രചാരണത്തിനായി ഇറക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽതന്നെ പ്രതിഷേധമുണ്ട്. കോളജുകളിൽനിന്ന് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെയാണ് വീടുകളിൽ പോകാനായി നിയോഗിക്കുന്നത്. ലോക ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങൾ കേട്ടും വികസന ചർച്ചകളിൽ പങ്കെടുപ്പിച്ചും നയരൂപീകരണത്തിൻറെ അവിഭാജ്യ ഘടകമാക്കുന്ന ബൃഹത് പരിപാടി എന്ന രീതിയിലാണ് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ആസൂത്രണം ചെയ്തിരുന്നത്.
ജനുവരി ഒന്നു മുതൽ 31 വരെ എല്ലാ വീടുകളിലും സന്നദ്ധ പ്രവർത്തകർ സന്ദർശനം നടത്തി സർക്കാരിൻറെ പ്രവർത്തനം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായുമെന്നും ഭാവി കേരളത്തെക്കുറിച്ചുള്ള ആശയങ്ങൾ തേടുമെന്നുമാണ് അറിയിച്ചിരുന്നത്. സർക്കാർ ചെലവിലുള്ള എൽഡിഎഫിൻറെ തിരഞ്ഞെടുപ്പ് കാമ്പയിനാണ് ഫലത്തിൽ ലക്ഷ്യമിട്ടിരുന്നത്. സന്ദർശനം പൂർത്തിയാക്കിയശേഷം ഫോക്കസ് ഗ്രൂപ്പ് ചർച്ചയും തുടർ നടപടികളും പൂർത്തീകരിച്ച് ഫെബ്രുവരി 15ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.



