ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കവുമായി സർക്കാർ…

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കവുമായി സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം. ചട്ടം 300 പ്രകാരം നാളെ വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തും.
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരിലെ ഒരു വിഭാഗവും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഭിന്നശേഷി സംവരണം സംബന്ധിച്ച വിഷയത്തിൽ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ നീക്കമെന്നാണ് വിലയിരുത്തലുകള്‍.



