അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു….

മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ദിഖിന്റെ മകന്‍ അഹമ്മദ് നവാജ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു അപകടം. വീടിന് സമീപം മയിലിനെ കണ്ടപ്പോള്‍ അത് ചെന്നിടത്തേക്ക് ഓടിയ കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു നവാജും പത്തു വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് മിന്‍ഹാജും. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് അയല്‍വാസികളെ വിവരമറിയിച്ചു. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ഒരാള്‍ ഉടന്‍ കിണറ്റിലിറങ്ങി രണ്ട് കുട്ടികളെയും പുറത്തെടുത്തു. പത്തു വയസ്സുകാരനായ മിന്‍ഹാജിന് അയല്‍വാസിയായ നസിയ എന്ന യുവതി ഉടന്‍ തന്നെ അഞ്ചു മിനിറ്റോളം സിപിആര്‍ നല്‍കി. യുവതിയുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് മിന്‍ഹാജ് പ്രതികരിക്കുകയും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അഞ്ചു വയസ്സുകാരനായ നവാജ് അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച അഹമ്മദ് നവാജ് ചാലിയപ്രം ഗവൺമെൻ്റ് എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പോലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. നവാജിന്റെ ഖബറടക്കം ഇന്ന് നടക്കും.




