‘രാഹുൽ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല’..

കോൺഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ മാധ്യമ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. താൻ പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടില്ല, രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹിയിൽ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
ചില വിഷയങ്ങളിൽ താൻ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിർക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളിൽ താനെടുത്ത നിലപാട് മാധ്യമങ്ങൾ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാൽ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് എന്ന് തരൂർ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളിൽ രാഷ്ട്രീയം പറയാൻ താത്പര്യമില്ല. രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം. രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാൽ മതി എന്ന നിലപാടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയം മുതൽ സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയെ എതിർക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്. പാർട്ടി ലൈനിനെ എതിർക്കാൻ പാർട്ടി പ്രവർത്തകന് അവകാശമില്ല. പാർലമെന്റിൽ ഈ നിലപാട് എടുത്തിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
ബിജെപിയുമായും, സിപിഎമ്മുമായും ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഞാനെവിടേക്കും പോകുന്നില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. എന്താണ് എന്നോട് മാധ്യമങ്ങൾക്കുള്ള കുഴപ്പം. എന്നോട് മാത്രം എന്തിനാണ് ഇക്കാര്യം ചോദിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തരൂർ പ്രതികരിച്ചു.




