രാഹുൽ വിമർശകനെ ഡിസിസി അധ്യക്ഷനാക്കി; എഐസിസി തീരുമാനം ‘മികച്ചതെന്ന്’ പരിഹാസം

രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരെ പ്രഖ്യാപിച്ച എഐസിസി നടപടിയിൽ വിമർശനം. ജയ്പൂർ അർബൻ മേഖലയിലെ അധ്യക്ഷനായ സുനിൽ ശർമയുടെ നിയമനമാണ് വിമർശനങ്ങൾ നേരിടുന്നത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിരന്തരം പരിഹസിക്കുന്ന ഒരാളെയാണ് പാർട്ടി അധ്യക്ഷനാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ആൾട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കെ സി വേണുഗോപാലിനെ ഉൾപ്പെടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.
എഐസിസി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് ഉൾപ്പെടെ പങ്കുവച്ചാണ് മുഹമ്മദ് സുബൈറിന്റെ പ്രതികരണം. സഞ്ജയ് ദീക്ഷിത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ്പൂർ ഡയലോഗ്‌സ് എന്ന പോഡ്കാസ്റ്റിന്റെ സഹസ്ഥാപകനും ഡയറക്ടുറുമാണ് സുനിൽ ശർമ. അദ്ദേഹത്തെയാണ് കോൺഗ്രസ് ജയ്പൂർ അർബൻ അധ്യക്ഷനായി നിയമച്ചിരിക്കുന്നത്. ജയ്പൂർ ഡയലോഗ്‌സിന്റെ യൂട്യൂബ് വീഡിയോകളും, ട്വീറ്റുകളും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കുന്നതും വിമർശിക്കുന്നതുമാണെന്നാണ് സുബൈർ ചൂണ്ടിക്കാട്ടുന്നു.



