പിരിവ് തുക കുറഞ്ഞതിന് വ്യവസായിയ്ക്ക് ക്രൂരമർദ്ദനം, ലക്ഷങ്ങളുടെ നാശനഷ്ടം; മൂന്ന് സിപിഐഎം പ്രവർത്തകർ പിടിയിൽ

ഇളമണ്ണൂരിൽ പിരിവ് തുക കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മരവ്യവസായ സ്ഥാപന ഉടമയെ ക്രൂരമായി മർദ്ദിച്ചു. ‘കെ എം വുഡ് പ്രൊഡക്ട്സ്’ ഉടമയ്ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക സിപിഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രാദേശിക ക്ലബ്ബിന്റെ പേരിൽ ക്ഷേത്ര ആവശ്യങ്ങൾക്കായി പണം ചോദിച്ചാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഉടമ നൽകിയ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് സംഘം തർക്കമുണ്ടാക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3:30-ഓടെയാണ് സംഭവം നടന്നത്.
അക്രമത്തിൽ സ്ഥാപനത്തിന് ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അറസ്റ്റിലായ മൂന്ന് പേർക്ക് പുറമെ, കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റ ഉടമയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.


