പഞ്ചായത്ത് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

പാർട്ടിയിൽ നിന്ന് രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ച പഞ്ചായത്തംഗങ്ങളെ പുറത്താക്കി കോൺഗ്രസ്. 10 പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാൻ, ടെസി കല്ലറയ്ക്കൽ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെ ആർ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പിൽ, നൂർജഹാൻ എന്നിവരെയാണ് കോൺഗ്രസ് പുറത്താക്കിയത്.
24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തിൽ നിന്നും വിജയിച്ച എട്ട് കോൺഗ്രസ് വാർഡ് അംഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവെച്ചത്. തുടർന്ന് യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിനെ പിന്തുണക്കുകയായിരുന്നു. ബിജെപി അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ എൽഡിഎഫ് ഭരണത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു.



