പുത്തൻകുരിശിൽ ട്വൻറി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വൻറി20

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ അട്ടിമറികൾ. തൃശൂർ മറ്റത്തൂരിൽ ജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി വൻ അട്ടിമറി നടത്തി. ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ ട്വൻറി20 യുഡിഎഫിന് വോട്ടു ചെയ്തതായിരുന്നു മധ്യകേരളത്തിലെ മറ്റൊരു അട്ടിമറി.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ നീക്കം. പ്രസിഡൻറ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച 8 കോൺഗ്രസ് അംഗങ്ങളും ഒന്നിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 4 ബിജെപി അംഗങ്ങൾക്കൊപ്പം രാജിവച്ച കോൺഗ്രസുകാരും വോട്ടു ചെയ്തതോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ മറ്റത്തൂരിൽ പ്രസിഡൻറായി. സ്ഥാനാർത്ഥി നിർണയം മുതൽ കോൺഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിയ്ക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിൻറെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറിയെയും മണ്ഡലം പ്രസിഡൻറിനെയും കോൺഗ്രസ് പുറത്താക്കി.


