‘തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല’; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല..

തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ലെന്ന ഉമ തോമസ് എം എൽ എയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. പാർട്ടി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ പരിശോധിക്കും. പരാതിയുള്ളവരെ നേരിട്ട് കണ്ട് പരിഹരിക്കും. ഈ പരാതികൾ വിജയത്തിൻ്റെ തിളക്കം കെടുത്തില്ല എന്നും ഷിയാസ് പറഞ്ഞു.
എന്നാൽ തൃക്കാക്കര നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് ഉമാ തോമസ് എംഎൽഎ കെപിസിസി പ്രസിഡൻറിന് നൽകിയ പരാതി. ചെയർമാൻ സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഭൂരിപക്ഷം കൗൺസിലർമാരുടെ പിന്തുണ റാഷിദിനാണെന്ന് പറഞ്ഞ് റാഷിദിനെ അഞ്ചു വർഷത്തേക്ക് ചെയർമാനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗൺസിലർമാർ ഉണ്ടായിരുന്നിട്ടും ടേം വ്യവസ്ഥ പരിഗണിച്ചില്ലെന്നാണ് ഉമ തോമസിൻറെ പരാതി. കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനം രണ്ടു ടേമായി വീതം വച്ചതു പോലെ തൃക്കാക്കരയിലും നടപ്പാക്കണമെന്ന ആവശ്യം ഡിസിസി പ്രസിഡൻറ് തളളിക്കളഞ്ഞെന്നും രണ്ടിടത്തും രണ്ടു നീതിയാണ് നടപ്പാക്കപ്പെട്ടതെന്നുമാണ് ഉമ പരാതിയിൽ ഉന്നയിക്കുന്നത്.



