വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ചു… രാം നാരായണ​ന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് പോലീസ്

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച രാം നാരായണ​ന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാൻ 25000 രൂപ പോലീസ് ആവശ്യപ്പെട്ടെന്ന് ബന്ധു ശശികാന്ത് പറഞ്ഞു.

മൃതദേഹം പാലക്കാട് നിന്ന് തൃശൂരിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലൻസിന്റെ തുക കയ്യിൽ നിന്ന് കൊടുക്കേണ്ടിവന്നു. 3700 രൂപയാണ് കൊടുത്തത്. ബന്ധുക്കൾ അടുത്ത ദിവസം എത്തുമെന്നും തുടർനടപടികൾ പിന്നീട് തീരുമാനിക്കാമെന്നും ബന്ധു ശശികാന്ത് കൂട്ടിച്ചേർത്തു.

സംഭവത്തിൽ അഞ്ച് പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ മർദ്ദനത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യ കൊല്ലപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടോടെ അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യ ആണ് അതിക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് കള്ളൻ എന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നടന്നത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും മർദ്ദിച്ചു. റോഡിൽ ചോരവാർന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Back to top button