സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്…

ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും.ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു.

അതേസമയം കെ സി വേണുഗോപാൽ പാർലമെന്റിൽ കഴിഞ്ഞ ദിവാൻ വിഷയം അവതരിപ്പിച്ചിരുന്നു . ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പാർലമെന്‍റിൽ നടന്ന ചർച്ചയിൽ ആരോപിച്ചു.2019-ൽ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോൾ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്. ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി. വേണുഗോപാൽ പാർലമെന്‍റിൽ പറഞ്ഞു.

അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Related Articles

Back to top button