പരസ്യ സംവാദത്തിന് തയാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം; മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ സംവാദത്തിന് തയാറാണെന്ന് വി.ഡി.സതീശൻ അറിയിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം. നിർദ്ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും വി.ഡി.സതീശൻ പറഞ്ഞു. ശബരിമല ശ്രീകോവിലെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശിൽപങ്ങളും ഇനിയും പുറത്തുവരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവിൽ രണ്ടു സഖാക്കൾ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓർമിപ്പിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജയിലിലായ മോഷ്ടാക്കളെ ചേർത്തു പിടിക്കുന്നതിനൊപ്പം, കോൺഗ്രസിനെയും യുഡിഎഫിനെയും വിമർശിക്കുന്ന മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. എംഎൽഎയ്ക്കെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാർട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയർത്തിയാണ് കോൺഗ്രസ് കേരളത്തിൽ നിൽക്കുന്നത്. ലൈംഗിക ആരോപണ കേസിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേയെന്ന് വി.ഡി.സതീശൻ ചോദിച്ചു. ആ രണ്ടുപേരുടെയും കൈ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്.

ആരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘‘ ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂർവകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരൻ ആരായിരുന്നു? പാർട്ടിയിൽ ഇപ്പോൾ പരാതിക്കാരന്റെ അവസ്ഥ എന്താണ്? പാർട്ടി എംഎൽഎ സ്ഥാനം ഉൾപ്പെടെ നൽകി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവർത്തക മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വൈകിയത്?’’–പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഒരു ഡസനിലധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേർത്തു പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്. എന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. മുഖ്യമന്ത്രിയും പാർട്ടിയുമാണ് പ്രതിരോധത്തിൽ നിൽക്കുന്നത്. പിആർ ഏജൻസിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Back to top button