നഴ്സെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു.. സർക്കാർ ആശുപത്രിയിൽ നിന്ന്…

ആശുപത്രിയിൽ നിന്നും യുവതി കുഞ്ഞുമായി കടന്നുകളഞ്ഞെന്ന് പരാതി. പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ എത്തിയ സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂർ സ്വദേശിനിയായ മഞ്ജുള ബീബിയുടെ കുഞ്ഞിനെയാണ് യുവതി തട്ടിക്കൊണ്ടു പോയത്. നഴ്സെന്ന് പറഞ്ഞാണ് യുവതി മഞ്ജുള ബീബിയുമായി സൗഹൃദം സ്ഥാപിച്ചത്.
തിങ്കളാഴ്ചയാണ് മഞ്ജുള ബീബിയുടെ കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു പോകും വഴിയാണ് യുവതി പരിചയപ്പെട്ടത്. ഇതിനു ശേഷം ഇരുവരും ആശുപത്രിയിലെത്തി. ഇതിനിടെയാണ് യുവതി കുഞ്ഞുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ മഞ്ജുള ബീബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
‘യുവതി അതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണെന്നാണ് മഞ്ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഡോക്ടറെ കാണിച്ച മഞ്ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ യുവതിയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി. തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്ത്രീയേയും കാണാനില്ലായിരുന്നു. ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്’ – മഞ്ജുളയുടെ പരാതിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.




