ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു; തെളിവായി വീഡിയോ ദൃശ്യങ്ങളുണ്ട്; യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി വിപ്രജ് നി​ഗം

യുവതി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നെന്ന പരാതിയുമായി ക്രിക്കറ്റ് താരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഉത്തർപ്രദേശ് താരം വിപ്രജ് നിഗമാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ക്രിക്കറ്റ് താരമായ യുവതിക്കെതിരെയാണ് വിപ്രജ് നി​ഗം പൊലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവതി തന്നെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ബരാബങ്കിയിലെ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വിപ്രജ് നി​ഗം ആരോപിക്കുന്നു.

തന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്നാണ് യുവതി ഭീഷണിപ്പെടുത്തുന്നത് എന്നാണ് വിപ്രജ് പറയുന്നത്. സ്വന്തം പ്രശസ്തിക്ക് കളങ്കംവരുത്തുന്ന വീഡിയോ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി വിപ്രജ് പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തതോടെ നിരവധി വിദേശ നമ്പറുകളിൽനിന്നും വീണ്ടും കോളുകൾ ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. തന്റെ കരിയറിനും മാനസികാരോഗ്യത്തിനും ഭീഷണികൾ ഗൗരവമായി ബാധിച്ചിട്ടുണ്ടെന്നും വിപ്രജ് പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കോൾ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും സ്വരൂപിക്കുന്നതിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്.

അതേസമയം, യുവതി വിപ്രജിനെതിരെയും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. നോയിഡയിലെ ഒരു ഹോട്ടലിലേക്ക് വിപ്രജ് തന്നെ വിളിച്ചുവരുത്തി, തുടർന്ന് ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് തർക്കം ഉണ്ടായതായും യുവതി ആരോപിക്കുന്നു. വിവാഹം കഴിക്കില്ലെന്ന ഭീഷണിയും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞ ശേഷം, തർക്കത്തിനിടെ വിപ്രജ് തന്നെ ഹോട്ടൽ മുറിയിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കിയതായും യുവതി ആരോപിച്ചു.

കൂടാതെ, വിപ്രജിന്റെ അമ്മയുമായുള്ള ഫോൺ സംഭാഷണവും, വിപ്രജുമായി നടത്തിയെന്ന് പറയുന്ന നിരവധി റെക്കോർഡിങ്ങുകളും തനിക്കുണ്ടെന്നും അവയും അന്വേഷണത്തിന് സമർപ്പിക്കാമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. വിപ്രജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അവർ പറയുന്നു.

ഹൈദരാബാദ് സ്വദേശിനിയും നിലവിൽ ഉത്തർപ്രദേശ് വനിതാ ടീമിനായി കളിക്കുന്നതുമായ ക്രിക്കറ്റ് താരവുമായുള്ള വ്യക്തിഗത തർക്കമാണ് വിഷയത്തെ രണ്ട് പ്രത്യേകം പരാതികളിലേക്കും എത്തിച്ചതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലെ പരിചയത്തിലൂടെയാണ് ഇരുവരും അടുത്തത്. പിന്നീട് ഇത് തർക്കത്തിലേക്കും പൊലീസ് കേസുകളിലേക്കും വഴിമാറുകയായിരുന്നു.

Related Articles

Back to top button