ഗഗൻയാൻ ദൗത്യത്തിൽ നിർണായക നേട്ടവുമായി ഐഎസ്ആർഒ: ക്രൂ മൊഡ്യൂളിന്റെ പ്രധാന പാരഷൂട്ടുകളുടെ പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിൽ നിർണായക നേട്ടവുമായി ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിന്റെ പ്രധാന പാരഷൂട്ടുകളുടെ നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പാരഷൂട്ട് സംവിധാനത്തിന്റെ കരുത്തും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയായത്. ദൗത്യത്തിന്റെ വിജയത്തിൽ വലിയ ചുവടുവെപ്പാണിതെന്ന് ഐഎസ്ആർഒ അറിയിച്ചു.
നവംബർ 3-ന് ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഫീൽഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. വ്യോമസേനയുടെ ഐഎൽ-76 വിമാനം ഉപയോഗിച്ച് ക്രൂ മൊഡ്യൂളിന്റെ ഭാരത്തിന് തുല്യമായ ആറ് ടൺ തൂക്കമുള്ള വസ്തു 2.5 കിലോമീറ്റർ ഉയരത്തിൽനിന്ന് താഴ്ത്തി പരീക്ഷണം നടത്തി. രണ്ട് പ്രധാന പാരഷൂട്ടുകൾ ഒരേസമയം പൂർണമായി തുറക്കാതിരുന്നാലും മൊഡ്യൂൾ സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നു തെളിയിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.
ഐഎസ്ആർഒയുടെ പ്രസ്താവനപ്രകാരം, “പാരഷൂട്ട് സിസ്റ്റത്തിന്റെ രൂപകല്പനയും പ്രവർത്തനക്ഷമതയും പ്രതീക്ഷിച്ച രീതിയിൽ പ്രകടിപ്പിച്ചു. മനുഷ്യ ബഹിരാകാശയാത്രയ്ക്ക് വേണ്ടിയുള്ള യോഗ്യതാ ഘട്ടത്തിലെ നിർണായക നേട്ടമാണിത്.”
ഗഗൻയാൻ ക്രൂ മൊഡ്യൂൾ പാരഷൂട്ട് സിസ്റ്റം
ഗഗൻയാനിൽ നാല് തരത്തിലുള്ള പത്ത് പാരഷൂട്ടുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ ഇവ ക്രമാതീതമായ വിന്യാസത്തിൽ പ്രവർത്തിക്കും. ആദ്യം കവർ സെപ്പറേഷൻ പാരഷൂട്ടുകൾ കംപാർട്ട്മെന്റിന്റെ സംരക്ഷണ കവറുകൾ നീക്കുകയും തുടർന്ന് ഡ്രോഗ് പാരഷൂട്ടുകൾ വേഗം കുറയ്ക്കുകയും ചെയ്യും. പിന്നെ പൈലറ്റ് പാരഷൂട്ടുകൾ മുഖ്യ പാരഷൂട്ടുകളെ തുറക്കും. മൂന്നു പ്രധാന പാരഷൂട്ടുകളിൽ രണ്ടെണ്ണം മാത്രമെങ്കിലും പൂർണമായും പ്രവർത്തിച്ചാൽ മൊഡ്യൂൾ സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തത്.
പാരഷൂട്ട് സിസ്റ്റം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി), ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ.ഡി.ആർ.ഡി.ഇ), ഡിആർഡിഒ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ ആർമി എന്നിവയുടെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്.
ഗഗൻയാനിന്റെ ആദ്യ ആളില്ലാ വിക്ഷേപണം അടുത്ത ജനുവരിയിലാണ് നടത്താൻ ഉദ്ദേശിക്കുന്നത്. പ്രധാന പാരഷൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ഒരുക്കങ്ങൾക്ക് കൂടുതൽ വേഗത കൈവരും.



