‘ശ്രീ ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ വയ്യ.. മകളെ നോക്കണം’.. യുവതി ജീവനൊടുക്കിയ നിലയിൽ…
ഉറുമ്പുകളോടുള്ള ഭയം (മെർമെക്കോഫോബിയ) കാരണം യുവതി ജീവനൊടുക്കി. 25 വയസ്സുകാരിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തെലങ്കാനയിലെ സംഗാരെഡ്ഡി ജില്ലയിലാണ് സംഭവം. യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളെ ഭയമായിരുന്നു എന്നും ഇതിന് മുമ്പ് സ്വന്തം ടൗണിലെ ഒരു ആശുപത്രിയിൽ കൗൺസിലിംഗ് തേടിയിരുന്നതായും പൊലീസ് പറയുന്നു.
2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. നവംബർ നാലിന് രാവിലെ മകളെ യുവതി ബന്ധുവീട്ടിൽ വിട്ടു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് മകളെ ബന്ധുവീട്ടിലാക്കിയത്. രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു- “ശ്രീ, എന്നോട് ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം. ശ്രദ്ധിക്കണം”. ചില അമ്പലങ്ങളിൽ കഴിക്കേണ്ട വഴിപാടുകളെ കുറിച്ചും കുറിപ്പിൽ പറഞ്ഞിരുന്നു.


