‘സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല’.. കെപിസിസി പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരന്‍…
കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നതിനിടെ പരിഹാസ രൂപേണ പ്രതികരിച്ച് കെ സുധാകരന്‍ എം പി. പുനഃസംഘടനയില്‍ തൃപ്തനാണെന്ന് പ്രതികരിച്ച കെ സുധാകരന്‍ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിഹാസ രൂപേണ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പുനഃസംഘടനാ വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. കെപിസിസി പുനഃസംഘടനയില്‍ കണ്ണൂരില്‍ നിന്നും സുധാകര വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.



