‘കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നു, വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല’..
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് രമേശ് പിഷാരടി പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍, ആരോപണങ്ങൾ തെളിയും രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ലെന്നും കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷ് പിഷാരടി ന്യായീകരിച്ചു.
ഈ വിഷയത്തിൽ ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭയിൽ എത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനുമെത്തിയിരുന്നു. ഇന്നലെ രാത്രിയിലാണ് രാഹുൽ പമ്പയിലെത്തിയത്. വൈകിട്ട് നട അടച്ചശേഷം പത്തുമണിയോടെയാണ് രാഹുൽ പമ്പയിലെത്തിയത്. ഇവിടെ നിന്നും കെട്ടുനിറച്ച ശേഷം മലകയറാൻ ആരംഭിച്ചു. ഇന്നു പുലർച്ചെ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം മലയിറങ്ങും എന്നാണ് സൂചന. മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നതിന്റെ മുന്നോടിയായാണ് ശബരിമല ദർശനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിൻറെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. കോൺഗ്രസ് നേതക്കളുടെ എതിർപ്പിനെ തുടർന്നാണ് നിയമസഭാ സമ്മേളനത്തിൽ നിന്നും രാഹുൽ വിട്ടുനിൽക്കുന്നത് എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.



