ധർമസ്ഥലയിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയത് ചിന്നയ്യ എന്ന നാൽപ്പത്തഞ്ചുകാരൻ.. അറസ്റ്റിന് പിന്നാലെ ദൃശ്യങ്ങളും പുറത്ത്..

ധർമസ്ഥലയിൽ നൂറോളം യുവതികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് ആരോപണം ഉന്നയിച്ചയാളുടെ വിവരങ്ങൾ പുറത്ത്. സി.എൻ. ചിന്നയ്യ എന്നയാളാണ് വെളിപ്പെടുത്തൽ നടത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. തെറ്റായ പരാതിയും തെളിവുകളും സമർപ്പിച്ചതിന് പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് മുൻ ശുചീകരണത്തൊഴിലാളിയുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ചിന്നയ്യ. സ്‌കൂൾ സർട്ടിഫിക്കറ്റുകളിലെ വിവരപ്രകാരം ഇയാൾക്ക് നിലവിൽ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാൽ കഴിഞ്ഞദിവസംവരെ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്. എന്നാൽ, തെറ്റായ ആരോപണമുന്നയിക്കുകയും വ്യാജ തെളിവുകൾ ഹാജരാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തിയതോടെ ഇയാളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങളും പുറത്തുവന്നുതുടങ്ങി.

വെള്ളിയാഴ്ച രാത്രിമുഴുവൻ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ധർമസ്ഥല കേസിലെ പരാതിക്കാരനും പ്രധാനസാക്ഷിയുമായ മുൻ ശുചീകരണത്തൊഴിലാളിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുള്ള തെളിവുകൾ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇയാളുടെ മൊഴിയനുസരിച്ച് ധർമസ്ഥലയിലെ വിവിധയിടങ്ങളിൽ എസ്‌ഐടി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒരിടത്തുനിന്ന് മാത്രമാണ് ചില അസ്ഥികൾ കണ്ടെടുത്തത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമികനിഗമനം. ഈ ശരീരാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാഫലവും പുറത്തുവരാനുണ്ട്.

അതേസമയം, ധർമസ്ഥലയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സംഭവത്തിൽ ശുചീകരണത്തൊഴിലാളിക്ക് പുറമേ കൂടുതൽപേർ അറസ്റ്റിലായേക്കുമെന്നാണ് സൂചന. എസ്‌ഐടി നടത്തിയ ചോദ്യംചെയ്യലിൽ ശുചീകരണത്തൊഴിലാളിതന്നെ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. തനിക്ക് തലയോട്ടി അടക്കമുള്ള വ്യാജതെളിവുകൾ കൈമാറിയവരുടെ വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന.

അതിനിടെ, ധർമസ്ഥലയിൽ മകളെ കാണാതായെന്ന് ആരോപിച്ചിരുന്ന സുജാത ഭട്ട് എന്ന സ്ത്രീ തന്റെ ആരോപണം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. മെഡിക്കൽ വിദ്യാർഥിനിയായ അനന്യഭട്ട് എന്ന തന്റെ മകളെ 2003-ൽ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നായിരുന്നു ഇവരുടെ നേരത്തെയുള്ള ആരോപണം. എന്നാൽ, തനിക്ക് അങ്ങനെയുള്ള ഒരു മകളില്ലെന്നായിരുന്നു സുജാത ഭട്ട് കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയത്. ചിലരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരം തെറ്റായ പ്രസ്താവനകൾ നടത്തേണ്ടിവന്നതെന്നും സുജാത ഭട്ട് പറഞ്ഞിരുന്നു.

സംഭവത്തിൽ സുജാത ഭട്ടിന്റെ പുതിയ മൊഴികൾ എസ്‌ഐടി ഉടൻതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഇവരുടെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസുകാരെ ഉൾപ്പെടെ വീടിന് മുന്നിൽ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തുകയുംചെയ്തിട്ടുണ്ട്.

ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങളുന്നയിച്ച പലരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ, യൂട്യൂബറായ സമീർ എന്നയാളെ എസ്‌ഐടി ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ധർമസ്ഥല സ്‌റ്റേഷനിലോ ബെൽത്തങ്ങാടി പൊലീസ് സ്‌റ്റേഷനിലോ ഇന്ന് ഹാജരാകാനാണ് ഇയാൾക്ക് നൽകിയ നിർദേശം. ധർമസ്ഥലയുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്തിരുന്ന അപകീർത്തിക്കേസിലെ പ്രതിയാണ് സമീർ. അതേസമയം, നിലവിലെ സാഹചര്യത്തിൽ സമീർ പോലീസ് സുരക്ഷതേടുകയും പൊലീസ് ഇത് ഉറപ്പുനൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു. ആക്ടിവിസ്റ്റായ ഗിരീഷ് മദ്ദണനാവറിനെയും എസ്‌ഐടി ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു.

Related Articles

Back to top button