മുൻവൈരാഗ്യത്തില്‍ 31-കാരൻ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് വെട്ടി… പ്രതിക്ക്….

ആലപ്പുഴ: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മുൻസിപ്പൽ കാഞ്ഞിരംചിറ വാർഡിൽ തൈപ്പറമ്പ് വീട്ടിൽ രഞ്ജിഷിനെയാണ് (31) കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന്, ജഡ്ജി എം ഷുഹൈബാണ് വിധി പ്രസ്താവിച്ചത്.
പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകാത്തതിലുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണമായത്. 2018 ഏപ്രിൽ പതിമൂന്നിന് വൈകിട്ട് മൂന്നുമണിക്ക് മാളികമുക്കിന് പടിഞ്ഞാറ് കുരിശടിക്ക് സമീപമുള്ള തെക്കേ തൈയിൽ വീട്ടിൽ ബെന്നിയെ (50) പ്രതി രഞ്ജിഷ് വടിവാളുമായി എത്തി ഗുരുതരമായി ആക്രമിക്കുകയായിരുന്നു.
ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ എസ് ബൈജുവാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി. സീനിയർ സിപിഒ ജോർജ്, സിപിഒ അമൽ സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



