ട്വന്റി 20 യെ വെട്ടിലാക്കി അഖിൽ മാരാറുടെ പുതിയ ചാറ്റ് വെളിപ്പെടുത്തലുകൾ

ട്വന്റി 20 പാർട്ടി വിടാനുള്ള കാരണങ്ങളും സാബു എം. ജേക്കബിനെതിരെയുള്ള വിമർശനങ്ങളും കടുപ്പിച്ച് അഖിൽ മാരാർ രംഗത്ത്. താൻ നേരിട്ട ചതികളുടെ സത്യം വ്യക്തമാക്കുന്ന ചില ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പറ്റിയ തെറ്റ് തിരുത്തണമെന്ന ചിന്തയാണ് ഈ വെളിപ്പെടുത്തലിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കണം എന്ന ചിന്തയാണ് തന്നെ ട്വന്റി 20 എന്ന പാർട്ടിയിലേക്ക് അടുപ്പിച്ചതെന്നും സീറ്റ് നൽകാതെ പാർട്ടി തന്നെ ചതിച്ചെന്നും അഖിൽ മാരാർ ആരോപിച്ചു. തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20യ്ക്ക് നൽകി ബിജെപി തന്നോട് മാന്യത കാണിച്ചപ്പോൾ അവിടെയും സാബു ജേക്കബ് തന്നെ ചതിച്ചെന്നും യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുറേ പേർക്ക് സീറ്റ് നൽകി എൻഡിഎയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കിയെന്നും അഖിൽ മാരാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേയൊരു എൻഡിഎ സ്ഥാനാർത്ഥി താൻ ആയിരുന്നെന്നും ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു മണ്ഡലത്തിൽ സോഷ്യൽ മീഡിയ വഴി താനുണ്ടാക്കിയ ഓളം മാത്രമേയുളളുവെന്നും അഖിൽ പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് ശേഷം പല പ്രാവശ്യം വിളിച്ചിട്ട് ഫോൺ എടുത്തില്ല. മെസേജ് അയച്ചിട്ട് മറുപടിയില്ല. ഒരു രാഷ്ട്രീയ പ്രവർത്തനവും അവർക്കില്ല. ഇഷ്ടപെട്ടവരുടെ ഇടയിൽ നിന്നും രാഷ്ട്രീയം മൂലം ലഭിക്കുന്ന വെറുപ്പും സമൂഹത്തിൽ പല ഇടങ്ങളിൽ നിന്നും എൻഡിഎയുടെ ഭാഗമായതിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നതുമൊക്കെ അറിയിച്ചിട്ടും സാബു ജേക്കബിന് ഒരു മറുപടിയുമില്ല. 40 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സാബു ജേക്കബിന് നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിഞ്ഞു. അതിന്റെ പഴി ഞാൻ കേൾക്കണോ’ അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.
ബിജെപിയിൽ നിന്നും വലിയ ഫണ്ട് സാബു ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ നേട്ടത്തിനാണ് അത് ഉപയോഗിക്കുന്നതെന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. സഹകരിച്ച് മുന്നോട്ടുപോകാൻ ആകില്ല. യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടപ്പെട്ടതോടെ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു തന്റെ തീരുമാനം. ഇതിനെ പിന്തുണച്ച് സാബു ജേക്കബ് വരികയായിരുന്നു. അതിന് മുമ്പ് പണം വാഗ്ദാനം ചെയ്ത് എൻഡിഎ ഏജൻസികൾ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് സാബു ജേക്കബ് പിന്തുണയറിയിച്ചെത്തിയത്. അങ്ങനെയാണ് ട്വന്റി 20യിൽ ചേർന്നത്. പിന്നീടാണ് കോൺഗ്രസ് നേതാവായ ആർ രശ്മി പാർട്ടി വിട്ടത്. രശ്മി വന്നതാണോ വരുത്തിച്ചതാണോ എന്നും തനിക്ക് സംശയം ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്നും അഖിൽ മാരാർ റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.



