മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത.. ലോകത്തിലെ ഏറ്റവും കരുത്തുറ്റ എൻജിൻ.. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരം..
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. ഇതോടു കൂടി ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഹൈഡ്രജന്‍ ട്രെയിനുകള്‍ എത്തുന്നതോടെ അന്തരീക്ഷ മലിനീകരണമില്ലാത്ത സുസ്ഥിരമായ ഗതാഗതം കൂടിയാണ് സാധ്യമാവുക.
കേന്ദ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് എക്‌സിലൂടെ ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1200 എച്ച്പി കരുത്തുള്ള എന്‍ജിനാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുക. ഹൈഡ്രജന്‍ ട്രെയിനുകളുടെ കൂട്ടത്തില്‍ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കരുത്തുറ്റ എന്‍ജിനാണിത്. 118 കോടി രൂപ ചെലവില്‍ നിര്‍മിച്ച വണ്ടിയുടെ മുന്നിലും പിറകിലും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എന്‍ജിനുകളും നടുവില്‍ എട്ട് കോച്ചുകളുമാണുണ്ടാകുക. മൊത്തം 2,600 പേര്‍ക്ക് യാത്ര ചെയ്യാം. നിരീക്ഷണക്യാമറകളും സ്വയം പ്രവര്‍ത്തിക്കുന്ന വാതിലുകളുമുണ്ടാകും.
ഹരിയാനയിലെ സിന്ധിനും സോനിപത്തിനും ഇടയ്ക്കാണ് ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. പരമാവധി വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍. 89 കിലോമീറ്ററാണ് സിന്ധ്-സോനിപത്ത് റൂട്ടില്‍ ഈ ട്രെയിന്‍ ഓടുക. ഹ്രസ്വദൂര ട്രയിന്‍ യാത്രകളില്‍ മികച്ച ബദല്‍ മാര്‍ഗമാണ് ഹൈഡ്രജന്‍ ട്രെയിന്‍.
ടാങ്കില്‍ സംഭരിച്ച ഹൈഡ്രജന്‍ അന്തരീക്ഷവായുവിലെ ഓക്‌സിജനുമായി ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് സംയോജിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് എന്‍ജിനെ ചലിപ്പിക്കുക. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോള്‍ ഉണ്ടാവുന്ന വെള്ളംമാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് മലിനീകരണം ഒട്ടുമുണ്ടാവില്ല.
വിപുലമായ പദ്ധതികളും ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുവേണ്ടി ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നുണ്ട്. ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് എന്ന പദ്ധതിക്കു കീഴില്‍ 35 ഹൈഡ്രജന്‍ ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍മിക്കുക. ഓരോ ട്രെയിനും നിര്‍മിക്കുന്നതിന് 80 കോടി രൂപ ചിലവു വരും. ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പാതകളില്‍ ഒരുക്കാന്‍ 70 കോടി രൂപയും വേണ്ടി വരും.
ഡീസല്‍ ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്(DEMU) ട്രെയിനുകളെയാണ് ഇന്ത്യന്‍ റെയില്‍വേ ഹൈഡ്രജന്‍ ട്രെയിനുകളാക്കി മാറ്റുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ICF)യിലായിരിക്കും ഹൈഡ്രജന്‍ ട്രെയിനുകള്‍ നിര്‍മിക്കുക. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി ഉടന്‍ പുറത്തിറങ്ങുമെന്നും നിര്‍ണായക നാഴികക്കല്ലാണിതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോകത്ത് നാലുരാജ്യങ്ങള്‍മാത്രമാണ് ഹൈഡ്രജന്‍ തീവണ്ടി നിര്‍മിക്കുന്നതെന്നും അവയുടെ എന്‍ജിന് 500 മുതല്‍ 600 വരെ കുതിരശക്തിയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.




