കാഴ്ച പരിമിതിയുള്ള ഉദ്യോഗസ്ഥൻ ദേശീയ പതാക ഉയർത്തി
മാവേലിക്കര ∙ കേരളത്തിൽ തന്നെ ആദ്യമായി കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തിയ അപൂർവ്വ നിമിഷത്തിന് മാവേലിക്കര സബ് ആർ.റ്റി ഓഫീസ് സാക്ഷിയായി. അസിസ്റ്റന്റ് ജില്ലാ ഇൻഷുറൻസ് ഓഫീസർ എച്ച്.രൂപേഷ് ദേശീയ പതാക ഉയർത്തിയപ്പോൾ, ഉദ്യോഗസ്ഥരും പൊതുപ്രതിനിധികളും പൊതുജനങ്ങളും കൈയ്യടിയോടെ സ്വീകരിച്ചു.
കേരളത്തിലെ ആദ്യ കെ.എ.എസ് ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് എച്ച്.രൂപേഷ്. 2021ൽ കെ.എ.എസ് യോഗ്യത നേടിയ ശേഷം റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ, അപലേറ്റ് അതോറിറ്റി ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അധ്യാപന രംഗത്തെ ‘ചോക്കും ബോർഡുമില്ലാത്ത’ വിപ്ലവ സേവനത്തിന് തുടക്കംകുറിച്ച അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അക്കൗണ്ടൻസി അധ്യാപകനായിരുന്നു. കാഴ്ച പരിമിതിയുണ്ടെങ്കിലും വിദ്യാർത്ഥികളെ സൃഷ്ടിപരമായ രീതിയിൽ പഠിപ്പിച്ച് അക്കൗണ്ടൻസിയിൽ 100 ശതമാനം വിജയം നേടിയും അദ്ദേഹം ചരിത്രം കുറിച്ചിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഉദ്യോഗജീവിതത്തിലും സാമൂഹ്യജീവിതത്തിലും മാതൃകയായി മാറുകയും ശേഷികൾക്കപ്പുറം മനസിന്റെ ശക്തിയാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് രൂപേഷ്.
മാവേലിക്കര ജോ.ആർ.റ്റി.ഓ എം.ജി.മനോജ് ചടങ്ങിൽ അധ്യക്ഷനായി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, പൊതുപ്രതിനിധികളും, നാട്ടുകാരും പങ്കെടുത്തു. പതാക ഉയർത്തിയതിന് ശേഷം ദേശാഭിമാനഗാനങ്ങളും സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. അരങ്ങേറി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബേബി ജോൺ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഹരികുമാർ, സജു,പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.



