‘ബാനറുകളുടെ എണ്ണം കൂടിയതിനാൽ 6 വോട്ടുകൾ ചെയ്ത നിർമ്മാതാവുണ്ട്… ഫിലിം ചേംബറിലേക്ക് മത്സരിക്കുമെന്ന് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നും, വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയതിൽ പ്രധാന പങ്കുവഹിച്ചത് പാനൽ വോട്ടുകളാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. കൂടാതെ ഫിലിം ചേംബർ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
“പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണ്. മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമ്മാതാവിന് 5 – 6 വോട്ടുകൾ വരെ ചെയ്യാൻ കഴിഞ്ഞു, എന്നാൽ എനിക്ക് ലഭിച്ച വോട്ടുകളെല്ലാം വ്യക്തിഗത വോട്ടുകളായിരുന്നു.” സാന്ദ്ര തോമസ് പറഞ്ഞു. അതേസമയം മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിനെ കുറിച്ചതും സാന്ദ്ര തോമസ് പ്രതികരിക്കുകയുണ്ടായി. സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ പുരുഷന്മാരുടെ ശബ്ദമാവാൻ വേണ്ടിയാവരുത് അവരുടെ വിജയമെന്നും പറഞ്ഞ സാന്ദ്ര തോമസ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായ ഷേർഗ സന്ദീപ് അത്തരത്തിലുള്ള ഒരാളാണെന്നും കുറ്റപ്പെടുത്തി.



