‘മൂന്നുതവണ തിരിച്ചു പോയി സാധനങ്ങൾ എടുത്തു’.. ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്..
ഗോവിന്ദച്ചാമി ജയിൽ ചാടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. സെല്ലിന്റെ രണ്ട് കമ്പികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തു കടന്നത്.
സെല്ലിന്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് ഇഴഞ്ഞ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നതാണ് ആദ്യത്തെ സിസിടിവി ദൃശ്യത്തിൽ നിന്ന് മനസിലാകുന്നത്. മൂന്ന് തവണ സെല്ലിനുള്ളിൽ കയറി സാധനങ്ങൾ എടുത്താണ് ഗോവിന്ദച്ചാമി പുറത്തേക്കിറങ്ങിയത്. കൂടെ സെല്ലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ സഹതടവുകാരന് രണ്ട് കമ്പികൾ മാത്രം മുറിച്ച വിടവിലൂടെ പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പിന്നാലെ വളരെ കൂളായി വലിയ മതിലിന്റെ അടുത്തേക്ക് പോകുന്നതും രണ്ടാമത്തെ ദൃശ്യങ്ങളിൽ കാണാം.
ജയിലിലെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ദൃശ്യം വിരൽചൂണ്ടുന്നത്. സിസിടിവി ദൃശ്യങ്ങൾ മോണിറ്റർ ചെയ്യാനുള്ള ജീവനക്കാരൻ പോലും ജയിലിൽ ഇല്ലായിരുന്നു എന്നാണ് വിവരം. ഗോവിന്ദച്ചാമി ജയിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങളിൽ ജയിലിൽ ഒരു ജീവനക്കാരനെ പോലും കാണാനില്ല.
ദുർബലമായ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചത്. തുരുമ്പുപിടിച്ച ദ്രവിച്ച കമ്പികൾ മാത്രമുള്ള സെല്ലാണ്. ഏതാണ്ട് 28 ദിവസത്തോളമെടുത്താണ് ഗോവിന്ദച്ചാമി സെല്ലിന്റെ അഴികൾ അറുത്തുമാറ്റിയത്. എന്നിട്ടും ആരുടെയും ശ്രദ്ധയിൽപെട്ടില്ല. വളരെ വലിയ സുരക്ഷ വീഴ്ചയാണ് കണ്ണൂർ ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.



