ആർഎസ്എസ് ചിന്ത തലച്ചോറിലുള്ളവർ വിസി സ്ഥാനത്തിരിക്കാൻ യോഗ്യരല്ല… കെ സി വേണുഗോപാൽ

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ ആരും തന്നെ കേരളത്തിലെ മഹത്തായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക പോലും യോഗ്യരല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആർഎസ്എസിന് കുഴലൂതുന്ന സംസ്‌കാരത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ചരിത്രമാണ് ആർഎസ്എസിനുള്ളതെന്ന് കെ. സി. വേണുഗോപാൽ വിമർശിച്ചു. ചടങ്ങിൽ പങ്കെടുത്ത മൂന്ന് വിസിമാരും പ്രബുദ്ധ കേരളത്തിന് വലിയ അപമാനമാണ് വരുത്തിവെച്ചിരിക്കുന്നത്. ഇവർ എത്രയും വേഗം സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് നല്ലത്. മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടത്.- കെ. സി. വേണുഗോപാൽ പരിഹസിച്ചു.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് മുന്നിൽ കൈകെട്ടി, പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല കേരളത്തിലെ സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യതയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മികച്ച അക്കാദമിക് പാരമ്പര്യവും അതോടൊപ്പം ശക്തമായ മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഇന്ത്യൻ ഭരണഘടനയോടുള്ള കൂറുമാണ് ഒരു വിസിയുടെ യോഗ്യതയുടെ ആധാരശില. വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്‌നേഹികളുടെ ചോരയല്ല ഈ നാട് ഉള്ളിൽപ്പേറുന്നത്, മറിച്ച് എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ്. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയരുമെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. വിസിമാർ ആർഎസ്എസ് വേദിയിലെത്തിയ സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയാണ്.

Related Articles

Back to top button