കെഎസ്ആർടിസി ബസ് വാങ്ങലിൽ തട്ടിപ്പെന്ന വാർത്തകൾ തള്ളി…. കെ ബി ഗണേഷ് കുമാർ

കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ വൻ തട്ടിപ്പ് നടന്നുവെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ പൂർണ്ണമായും തള്ളി കെ. ബി. ഗണേഷ് കുമാർ. ആരോപണങ്ങൾക്ക് ആധാരമായി പുറത്തുവിട്ട രേഖ എവിടെ നിന്നാണ് ലഭിച്ചതെന്നും അത് ചമച്ചു കൊടുത്ത ഉദ്യോഗസ്ഥൻ ആരാണെന്നെങ്കിലും ബന്ധപ്പെട്ട ലേഖകൻ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ ഏത് തരത്തിലുള്ള അന്വേഷണം നടത്തുന്നതിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും, വേണമെങ്കിൽ സിബിഐ അന്വേഷിച്ചാലും അതിനെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യധാര മാധ്യമങ്ങളൊന്നും ഈ വ്യാജ വാർത്ത ഏറ്റെടുക്കാത്തതിനാൽ ചില ഓൺലൈൻ മാധ്യമങ്ങളെ ഇളക്കിവിട്ട് തനിക്കെതിരെയും മുൻ ഇടത് സർക്കാരിനെതിരെയും കുപ്രചാരണം നടത്താനാണ് ശ്രമം നടക്കുന്നതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. കെഎസ്ആർടിസിയിൽ പുതിയ ബസുകൾ വാങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ഡയറക്ടർ ബോർഡ് യോഗമാണെന്നും അവിടെ മന്ത്രിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൃത്യമായ ടെൻഡർ വിളിക്കാതെ കെഎസ്ആർടിസിയിൽ ഒരു വണ്ടി പോലും വാങ്ങാൻ കഴിയില്ല. ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് കൂടിയ വിലയ്ക്ക് വണ്ടി വാങ്ങാൻ ആർക്കും കഴിയില്ലെന്നും, വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ആഡംബര കാറുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾക്ക്, താൻ കാറ് വാങ്ങിയത് ബാങ്ക് ലോണെടുത്താണെന്നും ഗണേഷ് കുമാർ മറുപടി നൽകി.
പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി’ കെഎസ്ആർടിസി യാത്രാ പദ്ധതി നല്ല കാര്യമാണെന്ന് മുൻ ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ പെൺകുട്ടികൾക്ക് പുറമെ സാധാരണക്കാരായ ആൺകുട്ടികളായ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസിയിൽ യാത്ര പൂർണ്ണമായും സൗജന്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സാധാരണ ഓർഡിനറി ബസുകൾ ഫാസ്റ്റാക്കി മാറ്റി സർവീസ് നടത്തുന്നുവെന്ന രീതിയിലുള്ള വാർത്തകൾ റിപ്പോർട്ടർ ടിവിയിലൂടെ കണ്ടിരുന്നുവെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആ നീക്കത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്ത് നിന്നും ഡോ. റീനയെ മാറ്റിയ വിഷയത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ കെ. ബി. ഗണേഷ് കുമാർ പൂർണ്ണമായി പിന്തുണച്ചു. എന്നാൽ, സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിലവിലെ ആരോഗ്യമന്ത്രിക്ക് കനത്ത വീഴ്ച പറ്റിയിട്ടുണ്ടെന്നും മുൻകാല ജാഗ്രത ഇപ്പോഴത്തെ ആരോഗ്യവകുപ്പിൽ കാണാനില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു.



