‘കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്’… മിഥുന്‍റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാർ’..

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂൾ മാനേജർ. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂൾ മാനേജർ മുരളീധരൻ പിള്ള.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻറെ മരണത്തിൽ എല്ലാവർക്കും കുറ്റബോധമുണ്ട്. ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. സംഭവത്തിൽ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നൽകാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അതിനുള്ളിൽ മറുപടി നൽകും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകൾ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. ലൈൻ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജർ പറഞ്ഞു. മിഥുൻറെ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 12.30വരെ പൊതുദർശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്.

ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിർഭാഗ്യവശാൽ കുട്ടിപോയത്. ഇന്നുവരെ കുട്ടികൾ അത്തരത്തിൽ കയറിപോകാൻ ശ്രമിക്കാത്ത സ്ഥലമാണ്. നിർഭാഗ്യവശലാൽ ഇങ്ങനെയൊരു അപകടം സംഭവിച്ചുപോയി. സ്കൂളിൻറെ പിൻഭാഗത്താണ് സംഭവം നടക്കുന്നത്. എട്ടുവർഷത്തോളം മുമ്പാണ് സൈക്കിൾ ഷെഡ്ഡ് കെട്ടിയത്. ഒരോ വർഷവും ഫിറ്റ്നസ് നൽകുന്നതാണ്. ഇതുസംബന്ധിച്ച് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. ലൈൻ മാറ്റി കേബിളിടാൻ തീരുമാനിച്ചതാണ്. അതിനിടയിലാണ് ഇത്തരമൊരു നിർഭാഗ്യകരമായ സംഭവമുണ്ടായതെന്നും സ്കൂൾ മാനേജർ പറഞ്ഞു.

അതേസമയം, സ്കൂൾ മാനേജർക്ക് സംഭവത്തിൽ നോട്ടീസ് നൽകിയെന്നും ഇന്നലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ യോഗം ചേർന്നുവെന്നും കൊല്ലത്തേത് പോലുള്ള കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ചുവെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

ഇതിനിടെ, സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീട് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

ഇതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. കുട്ടിയുടെ വീട്ടിൽ മന്ത്രി അടക്കം പോകുമ്പോൾ കാറിനു മുന്നിൽ ചാടുന്നത് ശരിയല്ല. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ മുൻപ് വേഗത്തിൽ നടപടിയുണ്ടായിട്ടുണ്ടോ? എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണ വീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്ത സാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button