MLA ഹോസ്റ്റലിലെ പരിപ്പുകറിക്ക് ഗുണനിലവാരമില്ല.. കാന്റീൻ ജീവനക്കാരനെ ക്രൂരമായി മർദിച്ച് ശിവസേന എംഎൽഎ..

എംഎൽഎ ഹോസ്റ്റലിൽനിന്ന് വിതരണംചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി കാന്റീൻ നടത്തിപ്പുകാരനെ ക്രൂരമായി മർദിച്ച് ബിജെപി സഖ്യകക്ഷിയായ ശിവസേന ഷിന്ദെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്. മുംബൈയിലെ ആകാശ്‌വനി എംഎൽഎ ഹോസ്റ്റലിലെ കാന്റീനിലാണ് സഭവം. ഹോസ്റ്റലിൽ വിതരണംചെയ്ത പരിപ്പുകറിക്ക് നിലവാരമില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം രാത്രിയിലാണ് എംഎൽഎ കാന്റീനിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ, അത് കഴിച്ചുതുടങ്ങിയപ്പോൾത്തന്നെ പ്രശ്നമുണ്ടെന്ന് മനസ്സിലായെന്ന് എംഎൽഎ പറഞ്ഞു. പിന്നീട് കാന്റീനിൽ ചെന്ന് ആരാണ് ഭക്ഷണം തയ്യാറാക്കിയത് എന്ന കാര്യം തിരക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കവറിലാക്കിയ പരിപ്പ് കറിയുമായി എംഎൽഎ നിൽക്കുന്നതും കാന്റീൻ ജീവനക്കാരനെ അതിക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ നാവറക്കുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ആൾ ഒരു പാവം കാന്റീൻ ജീവനക്കാരനെ മർദിക്കുന്നുവെന്ന് പ്രയങ്ക ചതുർവേദി കുറിച്ചു.

‘കഴിഞ്ഞ 30 വർഷമായി ഞാൻ ഇവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നത്. നല്ല ഭക്ഷണം വിതരണം ചെയ്യണമെന്ന് പലപ്പോഴും അഭ്യർഥിച്ചിട്ടുണ്ട്. 15 ദിവസം പഴക്കമുള്ള മുട്ട, 10-20 ദിവസം പഴക്കമുള്ള മാംസാഹാരങ്ങൾ, 2-4 ദിവസം പഴക്കമുള്ള പച്ചക്കറികൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. പതിനായിരത്തോളം ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. എല്ലാവർക്കും പരാതിയുണ്ട്. പല്ലി, എലി, കയർ തുടങ്ങിയവ ഭക്ഷണത്തിൽനിന്ന് കിട്ടാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഞാൻ ഭക്ഷണം ഓർഡർ ചെയ്തു. കഴിച്ചുതുടങ്ങിയപ്പോൾത്തന്നെ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. മണത്തപ്പോൾ ഭക്ഷണം പഴകിയതാണെന്ന് കണ്ടെത്തി. താഴെ പോയി ആരാണ് അത് ഉണ്ടാക്കിയതെന്ന് ചോദിച്ചു. എല്ലാവരേയും ഞാൻ ഭക്ഷണം മണപ്പിച്ചു. അത് പഴകിയതാണെന്ന് എല്ലാവർക്കും മനസ്സിലായി’, ഗെയ്ക്വാദ് പറഞ്ഞു.

എന്നാൽ, എംഎൽഎയുടെ പ്രവൃത്തിക്കെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രവൃത്തികൾ ശരിയായ സന്ദേശം അല്ല നൽകുകയെന്ന് ഫഡ്നവിസ് പറഞ്ഞു. എംഎൽഎയുടെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button