രാജ്ഭവനെ വർഗീയവത്കരണത്തിന്റെ ഇടമാക്കരുത്..മന്ത്രി പ്രസാദിന്റെ നിലപാട് പ്രശംസനീയം..
രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തില്‍ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും ഉറച്ച നിലപാടു തന്നെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്നും എം.വി ഗോവിന്ദന് വ്യക്തമാക്കി. ഈ വിഷയത്തില്‍ സിപിഐ കുറേക്കൂടി ശക്തമായ നിലപാടെടുത്തു. സിപിഎം ദുര്‍ബലപ്പെട്ടു എന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന് നിയമസഭ പോലെ, സെക്രട്ടേറിയേറ്റ് പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല. അത് അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണ വേദിയില്‍ ഭാരതാംബയുടെ ചിത്രംവെച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രത്തിനുമുന്നില്‍ വിളക്കുതെളിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനില്‍ പരിപാടി നടന്നിരുന്നത്. എന്നാല്‍ പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രി തീരുമാനിച്ചത്.



