ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടെന്ന സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ; സർക്കാരിനെതിരെ മല്ലികാർജ്ജുൻ ഖർഗെ..
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായുള്ള ആക്രമണത്തിൽ ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതായുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ്റെ വെളിപ്പെടുത്തലിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. മോദി സർക്കാർ ‘രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു’ എന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മാത്രമേ ചില ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി.
എക്സ് പോസ്റ്റിലൂടെയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റെ വിമർശനം. ‘സിംഗപ്പൂരിൽ ഒരു അഭിമുഖത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർത്താൽ മാത്രമേ ഇവ ചോദിക്കാൻ കഴിയൂ. മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. യുദ്ധത്തിന്റെ മൂടൽമഞ്ഞ് ഇപ്പോൾ നീങ്ങുകയാണ്’ എന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചത്.
‘നമ്മുടെ വ്യോമസേനയുടെ പൈലറ്റുമാർ ശത്രുവിനെതിരെ പോരാടുമ്പോൾ ജീവൻ പണയപ്പെടുത്തുകയായിരുന്നു. നമുക്ക് ചില നഷ്ടങ്ങൾ സംഭവിച്ചു, പക്ഷേ നമ്മുടെ പൈലറ്റുമാർ സുരക്ഷിതരായിരുന്നു. “ഞങ്ങൾ അതിന് പരിഹാരം കണ്ടു, തിരുത്തി, രണ്ട് ദിവസത്തിന് ശേഷം വീണ്ടും അത് നടപ്പിലാക്കി, ദീർഘദൂര ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ച് ഞങ്ങളുടെ എല്ലാ ജെറ്റുകളും വീണ്ടും പറത്തി,” എന്നായിരുന്നു സിഡിഎസിന്റെ അഭിമുഖത്തിൽ പറഞ്ഞത്. കാർഗിൽ അവലോകന സമിതിയുടെ മാതൃകയിൽ ഒരു സ്വതന്ത്ര വിദഗ്ദ്ധ സമിതി പ്രതിരോധ തയ്യാറെടുപ്പ് സമഗ്രമായി അവലോകനം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്’, ഖർഗെ എക്സിൽ കുറിച്ചു



