വയോധികയുടെ ‘സ്വര്‍ണമാല’ ഇരുചക്രവാഹനത്തില്‍ വന്നവർ കവർന്നു.. എന്നാൽ മകളെത്തിയപ്പോള്‍ ട്വിസ്റ്റ്.. ഞെട്ടി പൊലീസ്….
വയോധികയുടെ മാല ഇരുചക്രവാഹനത്തില്‍ വന്ന രണ്ട് പേര് കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്. ഇടവഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഇവരുടെ മാല കവര്‍ന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് കഥ മാറിയത്.ചൊവ്വാഴ്ച പകല്‍11 നാണ് പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്ത് ചെറായി സ്വദേശിനിയായ വയോധികയുടെ മാല മോഷണം പോയത്.വയോധികയുടെ മാല രണ്ട് പേര് പൊട്ടിച്ചെടുത്ത് കടന്നു കളയുന്നത് കണ്ട് പിന്നാലെ എത്തിയ ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ അവരുടെ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കേകര പൊലീസിനോട് നഷ്ടമായത് രണ്ടര പവനോളം തൂക്കം വരുന്ന സ്വര്ണമാലയാണെന്നും മകള്‍ വാങ്ങി നല്‍കിയതാണെന്നും വയോധിക പറഞ്ഞു.
പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അന്വേഷണം വേണ്ടെന്നു പറഞ്ഞു വയോധികയുടെ മകള്‍ രംഗത്തെത്തിയത്. കാരണം തിരക്കിയപ്പോള്‍ മകള്‍ പറഞ്ഞ മറുപടി കേട്ട് പൊലീസ് ഞെട്ടിപ്പോയി. നഷ്ടപ്പെട്ട മാല മുക്കുപണ്ടമാണെന്നും അതിനാല്‍ പരാതി ഇല്ലെന്നും മകള്‍ പറഞ്ഞതോടെയാണ് അമ്മയും നഷ്ടപ്പെട്ട മാല മുക്കായിരുന്നെന്ന സത്യം തിരിച്ചറിഞ്ഞത്.



