വ്യാജ നീറ്റ് ഹാൾടിക്കറ്റ്… ഗ്രീഷ്മയുടെ പിടി വീണതിങ്ങനെ…
പത്തനംതിട്ട: നീറ്റ് വ്യാജ ഹാൾ ടിക്കറ്റില്‍ എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ സെന്‍റര്‍ ജീവനക്കാരിയുടെ തുറന്നുപറച്ചിൽ. വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കി നൽകിയത് താനാണെന്ന് അക്ഷയ സെന്‍റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍ററിൽ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുൻകൂറായി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഗ്രീഷ്മ അപേക്ഷിക്കാൻ മറന്നുപോയി. ഹാൾ ടിക്കറ്റുകൾ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം എത്തി. ഇതോടെയാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. പത്തനംതിട്ട ആയതിനാൽ പരീക്ഷ എഴുതാൻ പോകില്ലെന്നാണ് കരുതിയത്. ഗൂഗിൾ സേർച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്‍റെ വിലാസം ഹാൾ ടിക്കറ്റിൽ വച്ചത്. എന്നാല്‍, ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല. അങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റിൽ പിടിവീണത്.



