‘വെടിയേറ്റ് ബോധംപോയി…നാട്ടില്‍ വിളിക്കാന്‍ തുണയായത് ചന്ദനത്തിരിയുടെ കവര്‍’…
ജോര്‍ദാന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേലിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടില്‍ എത്തിക്കുമെന്ന് എംബസിയില്‍ അറിയിപ്പ് ലഭിച്ചതായി കുടുംബം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തോമസ് ഗബ്രിയേലിന്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള വഴിതെളിഞ്ഞത്. മൃതദേഹം എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം കുടുംബം കത്ത് നല്‍കിയിരുന്നു.
പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമെല്ലാം തങ്ങള്‍ക്കൊപ്പം നിന്നുവെന്നും കുടുംബം പറഞ്ഞു. താന്‍ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ജോര്‍ദാനില്‍നിന്ന് വെടിയേറ്റ എഡിസൺ ചാള്‍സ് പ്രതികരിച്ചു. മരിച്ച തോമസ് ഗബ്രിയേലിനൊപ്പമാണ് ചാള്‍സും ജോര്‍ദാനില്‍ എത്തിയത്.
‘സര്‍ക്കാരും മറ്റ് പാര്‍ട്ടി നേതാക്കളും ഒക്കെ പൂര്‍ണപിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്. സഹോദരങ്ങളെപ്പോലെയാണ് അവരെല്ലാവരും പെരുമാറുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ ഏതെങ്കിലും പാര്ട്ടിക്കാര് ദിനവും എത്താറുണ്ട്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’, തോമസ് ഗബ്രിയേലിന്റെ ഭാര്യ ക്രിസ്റ്റീന തോമസ് പറഞ്ഞു.
മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞദിവസം ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. ഭാര്യ ക്രിസ്റ്റീനയുടെ സഹോദരനാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്. ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതുപ്രകാരം സഹോദരന്റെ തിരിച്ചറിയല്‍ രേഖകളുള്പ്പെടെയുള്ളവ കുടുംബം അയച്ച് നല്‍കിയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് തോമസ് ഗബ്രിയേലും ബന്ധു മേനംകുളം സ്വദേശി എഡിസന് ചാള്‍സും അബുദാബി വഴി ജോര്‍ദാനിലേക്ക് പോയത്. ഓട്ടോറിക്ഷാ തൊഴിലാളികളായ ഇരുവരും തോമസിന്റെ സുഹൃത്ത് കൂടിയായ ബിജു എന്ന ഏജന്റ് മുഖേനയാണ് ജോര്‍ദാനിലെത്തിയത്. ഫെബ്രുവരി 28-ന് കാലില്‍ വെടിയേറ്റ നിലയില്‍ എഡിസന് നാട്ടില്‍ തിരിച്ചെത്തി. ജോര്‍ദാനിലെത്തിയതായി ഫെബ്രുവരി 9-ന് തോമസ് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതെയായി. ഭാര്യ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് മരണവിവരം സ്ഥിരീകരിക്കപ്പെടുന്നത്.



