തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കും..കെ മുരളീധരന്‍

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന്റെ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശനം.

Related Articles

Back to top button