ബെംഗളൂരുവിൽ മലയാളി കുടുംബത്തെ തടഞ്ഞ് അതിക്രമം..കവർച്ച..കാറിന് നേരെയുണ്ടായ കല്ലേറിൽ കുഞ്ഞിന് പരിക്ക്…

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്.അനൂപിന്റെ മകൻ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയിൽ വച്ചാണ് ബൈക്കിലെത്തിയ 2 പേർ കാർ തടഞ്ഞത്. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരാണു കാറിലുണ്ടായിരുന്നത്.

അപരിചിതർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാൾ കാറിന്റെ പിൻഗ്ലാസിലേക്കു കല്ലെറിഞ്ഞു. ഗ്ലാസ് ചീളുകൾ തെറിച്ചാണു സ്റ്റീവിനു പരുക്കേറ്റത്.പരിക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. അനൂപിന്റെ പരാതിയിൽ പാരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്.അതേസമയം പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button