മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു..നടപടി പരാതികൾ പതിവായതോടെ…
വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.പിന്നാലെയാണ് നടപടി.
ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന ഒന്നിലധികം സംഭവങ്ങളിൽ മുട്ടയിൽ നിന്ന് നിർമ്മിച്ച മയോന്നൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നതായി ഉത്തരവിൽ പറയുന്നു. സാൻഡ്വിച്ചുകൾ, ഷവർമ, അൽഫാം ചിക്കൻ തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട കൊണ്ടുള്ള മയോന്നൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് സമീപകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.




