നവീൻ ബാബുവിന്റെ മരണം… യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിചിരുന്നു…ചോദിച്ചത്..
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി. പി പി ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടർ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടർ മൊഴി നൽകി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്ന് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും.




