താൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം…
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ ആർഎസ്എസ് നേതാവുമായുള്ള സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും എതിർത്തുവെന്നും കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ഗോൾവാൾക്കറിൻ്റെ ചിത്രത്തിൽ ഞാൻ നിൽക്കുന്ന പടം സിപിഎം കൊണ്ടുവന്നു. അത് ആർഎസ്എസ് പ്രചരിപ്പിക്കുന്ന ചിത്രമാണ്. ഞാൻ ഒരു പരിപാടിക്കും പോയിട്ടില്ല. ശൈലജ ടീച്ചറുടെ 5 ചിത്രങ്ങൾ കാണിച്ചു തരാം. നിങ്ങളുടെ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചുതരാം. ഞാൻ ആർഎസ്എസിൻ്റെ ഗണേശോൽസവത്തിൽ പങ്കെടുത്തുവെന്ന് സിപിഎമ്മിൻ്റെ സോഷ്യൽമീഡിയ ഹാൻ്റിലിൽ വന്നു. എറണാകുളത്ത് ശിവക്ഷേത്രത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് താൻ പങ്കെടുത്തത്. അമ്പലത്തിൽ നടത്തിയ പരിപാടിയിൽ പോവാൻ പാടില്ലേ. 2018ൽ ആ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി പങ്കെടുത്താൽ പ്രശ്നമില്ല. സതീശൻ പോയാൽ ആർഎസ്എസിൻ്റെ പരിപാടിയായി പറയുമെന്നും വിഡി സതീശൻ പറഞ്ഞു.



