ഗവിയിൽ വനത്തിനോട് ചേർന്ന് അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം.. വസ്ത്രങ്ങൾ കീറിയ നിലയിൽ, കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗവി സ്വദേശിനിയായ യുവതിയുടെ മൃതദേഹം പ്രദേശത്തെ മീനാർ മൂന്ന് ഷെഡ് വളവിന് സമീപമുള്ള തോട്ടിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിൽ കാണപ്പെട്ട മൃതദേഹം റോഡിൽ നിന്നും മാറി വനത്തിനോട് ചേർന്ന ഭാഗത്തായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും യുവതി ഇരയായിട്ടുണ്ടോ എന്ന ശക്തമായ സംശയത്തിലാണ് പൊലീസ്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. നിലവിൽ ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് യുവതി വീട്ടിൽ നിന്നും താൻ ജോലി ചെയ്യുന്ന അങ്കണവാടിയിലേക്ക് പുറപ്പെട്ടത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർക്കും നാട്ടുകാർക്കും സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മീനാർ ഭാഗത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തുന്നത്.

വസ്ത്രങ്ങൾ കീറിയ നിലയിലും വനമേഖലയോട് ചേർന്ന തോട്ടിലുമാണ് മൃതദേഹം കിടന്നിരുന്നത്. ഇത് ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവരമറിഞ്ഞ് മൂഴിയാർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തിൽ പൂർണ്ണമായ വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് പൊലീസ് അറിയിച്ചു. പ്രതി നിലവിൽ കസ്റ്റഡിയിലുള്ളതിനാൽ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സാധിക്കുമെന്നാണ് കരുതുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തുമെന്നാണ് സൂചന.

Related Articles

Back to top button