ലിപ്സ്റ്റിക്ക് ഇട്ടു..മേയറുടെ അകമ്പടി സംഘത്തിലെ വനിത മാർഷലിന് സ്ഥലം മാറ്റം…
ജോലിക്കിടെ ലിപ്സ്റ്റിക് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വനിത മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്.മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസമായിരുന്നു ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിർദേശം നൽകിയത്.എന്നാൽ ഇത് മാധവി പാലിച്ചില്ല.പിന്നാലെയാണ് സ്ഥലം മാറ്റം.
അതേസമയം ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിൽ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതടങ്ങമുള്ള തെറ്റുകൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ജോലി സമയത്ത് കൃത്യമായി എത്താതിരിക്കുക, മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് മെമ്മോയിൽ പരാമർശിച്ചിരിക്കുന്നതെന്നും മാധവി കൂട്ടിച്ചേർത്തു.അതേസമയം വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഫാഷൻ ഷോയിൽ മാധവി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്ന് മേയർ പ്രിയ പറഞ്ഞു. മന്ത്രിമാരും എംബസി ഉദ്യോഗസ്ഥരും സ്ഥിരമായി എത്തുന്ന ഓഫീസിൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന നിർദേശവും നേരത്തെ നൽകിയിരുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.




