കത്തിയമർന്നത് 8 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളടക്കം 18 വണ്ടികൾ…തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം…അപകട കാരണം …

നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങിലായാണ് വന്‍ തീപ്പിടിത്തമുണ്ടായത്. രണ്ടര മണിക്കൂര്‍ കൊണ്ട് മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നു. വിലാതപുരം സ്വദേശി ആര്‍.കെ റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനി, പുല്‍പ്പള്ളി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മസാഹി ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണത്തിന് എത്തിച്ച വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും ഉള്‍പ്പെടെയുള്ളവ പുര്‍ണമായും നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും രണ്ടര മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീ അണച്ചത്.



