തികഞ്ഞ മനുഷ്യ സ്നേഹി..കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭ..എന്നും എപ്പോഴും സാധാരണക്കാർക്കൊപ്പം…
രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.രത്തൻ ടാറ്റ അന്തരിച്ചതോടെ ഇന്ത്യൻ വ്യവസായ രംഗത്തെ ഒരു ഇതിഹാസമാണ് വിടവാങ്ങുന്നത്.ഇന്ത്യയിൽ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും കാണും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം. ഉടുപ്പു തൊട്ട് വിമാനവും ആഡംബര കാറുകളും വരെ. ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല.ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പൻ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയർത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തിത്വം, സാക്ഷാൽ രത്തൻ ടാറ്റ തിരശ്ശീലയ്ക്ക് പിന്നിലേക്കു മറയുമ്പോൾ ഓർമയാകുന്നത് വ്യാവസായരംഗത്തെ ഭീഷ്മാചാര്യർ കൂടിയാണ്.
ടാറ്റയെ രാജ്യാന്ത്ര ബ്രാൻഡ് ആക്കി മാറ്റുന്നതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് വലുതാണ്. രത്തന്റെ കാലത്ത് ടാറ്റ 10,000 കോടി ഡോളർ വിറ്റു വരവുള്ള കമ്പനിയായി വളർന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. രത്തന്‍റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അൻപത് ഇരിട്ടിയായി.1937 ഡിസംബർ 28-നാണ് നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിലായിരുന്നു പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം നേടി. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു.
. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.
1991ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റു. രാജ്യം ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി. 1998 ഡിസംബർ 30ന് ഇന്ത്യയിൽ നിര്‍മിച്ച ‘ഇൻഡിക്ക’ കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്‍റെ ജാഗ്വർ, ലാൻഡ് ലോവർ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത്
ഇന്ത്യൻ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.
2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു. 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ കമ്പനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012 ല്‍ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു. നിരവധി സ്റ്റാർട്ടപ്പുകള്‍ക്കും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും രത്തൻ ടാറ്റ പിന്തുണ നല്‍കി. അവിവാഹിതനാണ്.




