അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി.. ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഭരണം…

ശബരിമല: ശബരിമലയിൽ മകരവിളക്ക്‌ ഉത്സവത്തിന്‌ പരിസമാപ്‌തിയായി.സ്വർണാഭരണ വിഭൂഷിതമായ അയ്യപ്പ വിഗ്രഹം കാണാനും മനസ്സ് നിറഞ്ഞ് അയ്യനെ കൈതൊഴാനും സന്നിധാനത്ത് തീർത്ഥാടകരുടെ വലിയ തിക്കുംതിരക്കുമായിരുന്നു. ദൂരങ്ങളിൽ നിന്ന് നടന്നും മണിക്കൂറുകളോളം ക്യൂവിൽ നിന്നുമാണ് ഭ​ഗവാനെ ഭക്തർ കാണുന്നത്. എന്നാൽ, ഭ​ഗവാനെ ഒരു നോക്ക് കാണാൻ അനുവദിക്കാതെ ശ്രീകോവിലിന് മുന്നിൽ നിന്നും അയ്യപ്പ ഭക്തരെ തള്ളി മാറ്റുന്ന കാഴ്ചയാണ് മകരവിളക്ക് ദിവസം സന്നിധാനത്തും നിന്നും കണ്ടത്. തീർത്ഥാടകരോട് മോശമായി പെരുമാറിയ ദേവസ്വംബോർഡ് ജീവനക്കാരന്റെ പ്രവൃത്തി ലക്ഷോപലക്ഷം വരുന്ന അയപ്പ ഭക്തരിൽ വേദനയുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചർ അരുൺ കുമാറാണ് സന്നിധാനത്ത് അയപ്പ ഭക്തരോട് അപമര്യാദയായി പെരുമാറിയത്. തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ ഒരു നോക്ക് പോലും ഭ​ഗവാനെ കാണാൻ അനുവദിക്കാതെ കായികപരമായി ഭക്തരെ നേരിടുന്ന ദൃശ്യമാണ് സമൂ​ഹമാദ്ധ്യമങ്ങളിൽ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ് അരുൺ കുമാർ.

ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ഭക്തർക്ക് നേരെ അരുൺ കുമാർ ദേഷ്യപ്പെടുന്നതും മാദ്ധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും അയ്യനെ കാണാൻ എത്തുന്ന ഭക്തരെ അതിനനുവദിക്കാതെ കായികപരമായി നേരിടുകയല്ല വേണ്ടതെന്നുമാണ് വിമർശനം. ഭക്തരെ നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റുകയും മോശമായി പെരുമാറുകയും ചെയ്ത അരുൺ കുമാറിനെതിരെ നടപടി വേണമെന്നാണ് ഭക്ത ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button